ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്ഡ് വഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.
ഇസ്രയേലിന്റെ അന്ത്യശാസനത്തെതുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് പതിനായിരങ്ങള്‍ പലായനം ചെയ്യുന്നത് തുടരുകയാണ്. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് 2000 പലസ്തീനികള്‍ക്കും 1300 ഇസ്രയേല്‍ പൗരന്മാര്‍ക്കുമാണ്. ഗാസയില്‍ നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസ്താവിച്ചു.
ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരുക്കേറ്റു.
വീഡിയോഗ്രാഫറായ ഇസ്സാം അബ്ദല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും ഇസ്സാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നുവെന്നും റോയിട്ടേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.