ഹൈദരാബാദ്: കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യയെ ബി.ആർ.എസിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ.ടി രാമറാവു.”ഞങ്ങൾ അദ്ദേഹത്തെ ബി.ആർ.എസിലേക്ക് ക്ഷണിക്കുന്നു. പാർട്ടിയിൽ അദ്ദേഹത്തിന് അനുയോജ്യമായ പദവി നൽകും. നാളെ അദ്ദേഹം മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഒക്ടോബർ 16 നടക്കുന്ന പൊതുപരിപാടിയിലായിരിക്കും ബി. ആർ എസിൽ ചേരുന്നത്”- രാമറാവു പറഞ്ഞു.എന്നാൽ മറ്റ് പാർട്ടികളിൽ ചേരുന്നതിനെ കുറിച്ചുള്ള വാർത്തകൾ പൊന്നല ലക്ഷ്മയ്യ നിഷേധിച്ചു.
തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ വെള്ളിയാഴ്ചയാണ് പൊന്നല ലക്ഷ്മയ്യ കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. “അന്യായമായ അന്തരീക്ഷം” ചൂണ്ടിക്കാട്ടി മുൻ പി.സി.സി അധ്യക്ഷനായ പൊന്നല ലക്ഷ്മയ്യ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്തയക്കുകയായിരുന്നു.
കോൺഗ്രസ് പാർട്ടി അതിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറുന്നുവെന്നും പാർട്ടിക്കുള്ളിലെ കൂട്ടായ ശക്തിയെക്കാൾ വ്യക്തിവാദത്തിനാണ് ഇപ്പോൾ മുൻഗണന ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു. 2015ൽ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് അവിചാരിതമായി പുറത്താക്കപ്പെട്ടുവെന്നും 2014ൽ പാർട്ടിക്ക് രാജ്യവ്യാപകമായി തിരിച്ചടി നേരിട്ടിട്ടും തെലങ്കാനയിലെ തോൽവിക്ക് തന്നെ അന്യായമായി കുറ്റപ്പെടുത്തിയതായും പൊന്നല ലക്ഷ്മയ്യ ആരോപിച്ചിരുന്നു.