ന്യൂഡൽഹി; അഴിമതി കോൺഗ്രസിന്‍റെ ഡി.എൻ.എയിലുണ്ടെന്ന വാദവുമായി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോൺഗ്രസുമായി ബന്ധമുള്ള കരാറുകാരന്‍റെ വീട്ടിൽ നിന്നും 42 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെ വിമർശിച്ചുള്ള കേന്ദ്ര മന്ത്രിയുടെ പരാമർശം.ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ സിവിൽ കൺസ്ട്രക്ഷൻ ജോലികൾ നടത്തുന്ന കരാറുകാരനായ അംബികപതിയുടെ വീട്ടിൽ നിന്നാണ് ആദായ നികുതി വകുപ്പ് പണം കണ്ടെത്തിയത്.
“സംസ്ഥാനത്തെ മുൻ ബി.ജെ.പി സർക്കാർ 40 ശതമാനം കമീഷൻ സർക്കാരാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജൂലൈ-ആഗസ്റ്റ് കാലത്ത് കോൺഗ്രസിന്‍റെ പിന്തുണയോടെ അംബികപതി പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. ഈ കത്ത് ജനങ്ങൾക്കിടയിൽ പാർട്ടിയെ കുറിച്ച് തെറ്റായ ധാരണകളുണ്ടാക്കി. ഇതെല്ലാം സർക്കാർ അഴിമതിക്കാരാണെന്ന് വരുത്തിതീർക്കാനുള്ള നാടകമായിരുന്നു. നിർഭാഗ്യവശാൽ കർണാടകയിലെ വോട്ടർമാർ ഈ വ്യാജപ്രചരണം വിശ്വസിച്ചു. നുണയും, അഴിമതിയും, വ്യാജ വാഗ്ദാനങ്ങളുമാണ് കോൺഗ്രസിന്‍റെ കൈമുതൽ. അഴിമതി കോൺഗ്രസിന്‍റെ ഡി.എൻ.എയിലുണ്ട്. ഇത് നമ്മൾ കർണാടകയിൽ കണ്ടു. ഇപ്പോൾ ഇതേ തന്ത്രം തെലങ്കാന, മധ്യപ്രദേശ്,ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ പരീക്ഷിക്കാനാണ് പരീക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ” – അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള പണമെത്തിക്കാനുള്ള സ്ഥലമായി കർണാടകയെ ഉപയോഗിക്കുന്നതിൽ ദുഖമുണ്ടെന്നും അംബികാപതിയുടെ കേസ് ഇത്തരം നിരവധി അഴിമതികൾ തുറന്ന് കാണിക്കുന്നതിന്‍റെ ആദ്യ പടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.