ന്യൂഡൽഹി: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീന് പിന്തുണ അറിയിച്ച് ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിൽ ഐക്യദാർഢ്യ സംഗമം നടത്തി.
വിവിധ മേഖലകളിൽനിന്നുള്ളവർ, തൊഴിലാളികൾ, വിദ്യാർഥികൾ അടക്കം സംഗമത്തിന്റെ ഭാഗമായി. ഐക്യദാർഢ്യ സംഗമത്തിന് പൊലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് നൽകുകയായിരുന്നു. സി.പി.ഐ രാജ്യസഭ അഗം പി. സന്തോഷ് കുമാർ, ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ പ്രസിഡന്റ് അരുൺകുമാർ, വൈസ് പ്രസിഡന്റ് ജി. ദേവരാജൻ, കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ് അടക്കമുള്ളവർ സംസാരിച്ചു.
വെള്ളിയാഴ്ച ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികൾ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കാമ്പസിൽ റാലി നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ്, എ.ഐ.എസ്.എ, എസ്.ഐ.ഒ, ഡി.ഐ.എസ്.എസ്.സി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്. വിദ്യാർഥി ഐക്യദാർഢ്യം തടയാൻ കാമ്പസിന്റെ എല്ലാ ഗേറ്റുകളും സർവകലാശാല അധികൃതർ അടക്കുകയും വിദ്യാർഥികളിൽനിന്നും പോസ്റ്ററുകളും ബാനറുകളും പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു.