ഗസ്സ: ഈജിപ്തിൽ നിന്നും ഗസ്സയിലേക്കുള്ള സഹായവുമായി പുറപ്പെട്ട ലോറികൾ അതിർത്തിയിൽ കുടുങ്ങി കിടക്കുന്നു. മണിക്കൂറുകളായി അതിർത്തിയിൽ ലോറികൾ കുടുങ്ങി കിടക്കുകയാണ്. ചെക്പോസ്റ്റിന് സമീപത്തുള്ള അരിഷ് നഗരത്തിലാണ് ചരക്കുമായെത്തിയ ലോറികൾ ഇപ്പോഴുള്ളത്. ഈജിപ്തിന് പുറമേ തുർക്കിയയും ഫലസ്തീന് സഹായം നൽകുന്നുണ്ട്.
ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണത്തെ തുടർന്ന് ചെക്ക് പോയിന്റ് തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് മൂലം ചെക്ക്പോയിന്റിന്റെ ഫലസ്തീൻ ഭാഗത്ത് കേടുപാടുകൾ വന്നതായും റിപ്പോർട്ടുകളുണ്ട്. വിവിധ ഏജൻസികൾ ഫലസ്തീനിലേക്ക് സുരക്ഷിതപാതയൊരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ്, യു.കെ സർക്കാറുകൾ അവരുടെ പൗരൻമാരോട് റഫ അതിർത്തിയിലേക്ക് എത്താനാണ് നിർദേശിച്ചിരിക്കുന്നത്.
അതിർത്തി തുറക്കുമ്പാൾ ഈജിപ്തിലേക്ക് പോകാനാണ് അവർക്ക് നൽകിയിരിക്കുന്ന നിർദേശം. ചുരുങ്ങിയ സമയത്തേക്ക് മാത്രമേ അതിർത്തി തുറക്കുകയുള്ളുവെന്ന് വിവിധ രാജ്യങ്ങൾ പൗരൻമാരെ അറിയിച്ചിട്ടുണ്ട്. അതേ സമയം 24 മണിക്കൂറിനിടെ 400 ഫലസ്തീൻകാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ ന്യൂസാണ് ഇക്കാര്യം അറിയിച്ചത്. 1500 പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 260 പേരാണ് ഗസ്സ നഗരത്തിൽ മരിച്ചത്