തിരുവനന്തപുരം> തീവ്രമഴയെത്തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ കഴക്കൂട്ടം സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനില്‍ നിന്നുള്ള കുഴിവിള, യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി.ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്.
ഈ ഫീഡറുകള്‍ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂര്‍, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. മറ്റു മാര്‍ഗങ്ങളിലൂടെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷനു സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍ നിന്നും വെള്ളം സബ്‌സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.കഴക്കൂട്ടം സബ്‌സ്റ്റേഷനില്‍ നിന്ന് വൈദ്യുതി എത്തുന്ന ടേള്‍സ്, മുട്ടത്തറ,വേളി എന്നീ സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പൂര്‍ണമായി തടസപ്പെടുന്ന സാഹചര്യമുണ്ട്.
പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാരെന്ന് അധികൃതര്‍ അറിയിച്ചു.ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവെക്കേണ്ടിവരുന്ന സാഹചര്യമാണ്.