ഇംഫാൽ: കുക്കി-മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി ഗവർണർക്ക് നിവേദനം നൽകി മണിപ്പൂരിലെ 10 പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനത്തെ അശാന്തി അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ നടക്കാത്തതിലെ ആശങ്ക പ്രതിപക്ഷ പാർട്ടികൾ പങ്കുവെച്ചു.സമാധാനം തിരികെ കൊണ്ടുവരാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പ്രശ്നബാധിതർക്ക് ആവശ്യമായ ദുരിതാശ്വാസം നൽകാനും ഗവർണർ സഹായിക്കണമെന്ന് നിവേദനത്തിൽ പറയുന്നു.അഞ്ച് മാസത്തിലേറെയായി പ്രതിസന്ധി തുടരുകയാണെന്നും ആവശ്യമായ സമാധാന ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പ്രതിപക്ഷപാർട്ടികൾ പറയുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാതിരിക്കുക എന്ന വഴിയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നത്. അവർ മണിപ്പൂരിലെ പ്രശ്നത്തിന്‍റെ പ്രധാന കാരണങ്ങളെ പരിഗണിക്കാതെയാണ് ഇന്ത്യയെ ആക്രമിക്കാൻ പുറത്തുനിന്നുള്ള തീവ്രവാദസംഘടനകൾ ഗൂഢാലോചന നടത്തുന്നു എന്ന് പറയുന്നതെന്നും നിവേദനത്തിൽ ആരോപിക്കുന്നു.
പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ ശരിയായി വിശകലനം ചെയ്തുകൊണ്ട് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്നും. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന അധികാരികൾ സമാധാന പ്രക്രിയയിൽ ഏർപ്പെടേണ്ട സമയമാണിതെന്നും പ്രതിപക്ഷം പറയുന്നു.ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, സി.പി.ഐ, സി.പി.എം, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, എൻ.സി.പി, ശിവസേന (യു.ബി.ടി), ആർ.എസ്.പി എന്നി 10 രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് നിവേദനം നൽകിയത്.