തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ തിരുവനന്തപുരം നഗരസഭ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കരമന നദിയിലെ (തിരുവനന്തപുരം) വെള്ളകടവ് സ്റ്റേഷൻ ഇന്ന് ഓറഞ്ച് അലർട്ടും നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷൻ, വാമനപുരം നദിയിലെ (തിരുവനന്തപുരം) അയിലം സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തീരത്തോട് തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേന്ദ്ര ജല കമീഷൻ (സി.ഡബ്ല്യു.സി) അറിയിച്ചു.
അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിലെത്താൻ തിരുവനന്തപുരം കലക്ടർ നിർദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തഹസിൽദാർമാർക്ക് കലക്ടർ നിർദേശം നൽകി.താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും കലക്ടർ അറിയിച്ചു.