തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിയുന്ന എല്ലാ പരീക്ഷകളും (തിയറി/ പ്രാക്ടിക്കല്‍) മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് സര്‍വകലാശാല അറിയിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലാകെ കനത്ത നാശനഷ്ടവും വെള്ളക്കെട്ടുമാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകള്‍ നീണ്ട് നിന്ന മഴയില്‍ ടെക്‌നോ പാര്‍ക്കിലടക്കം വെള്ളം കയറി. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ജനം ദുരിതത്തിലായി. ഗ്രാമീണ മേഖലകളില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചു. ജില്ലയുടെ വിവിധ മേഖലകളിലായി പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായും കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.