തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. അതേസമയം, ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങൾ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികൾ. അശാസ്ത്രീയമായ നിർമാണവും അടച്ചുക്കെട്ടലും മുതൽ ഓടകൾ വൃത്തിയാക്കാത്തത് വരെ വെള്ളക്കെട്ടിന് കാരണമായി. കൃത്യമായ മുന്നറിയിപ്പുകളില്ലാതിരുന്നതും പിഴവായി.
പ്രളയക്കാലത്ത് പോലും കണ്ടിട്ടില്ലാത്ത കാഴ്ചകളിലേക്കാണ് തിരുവനന്തപുരം ഇന്നലെ കൺതുറന്നത്. ഒറ്റരാത്രി കൊണ്ട് നഗരം മുങ്ങി.അതിശക്തമായ മഴയാണ് കിട്ടിയതെങ്കിലും മഴ മാത്രമല്ല നഗരം മുങ്ങാൻ കാരണമെന്ന് തലസ്ഥാനവാസികൾ പറയുന്നു. അമ്പലത്തിങ്കരയിൽ വീടുകളിലേക്കും ഹോസ്റ്റലുകളിലേക്കും വെള്ളം കയറാൻ കാരണം, ടെക്നോപാർക്കിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി കൊച്ചുതോട് അടച്ചുക്കെട്ടിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കുമാരപുരം ഭാഗത്ത് വെള്ളക്കെട്ടിനും വീടുകളിലേക്ക് വെള്ളം കയറിയതിനും ഒരു കാരണം പൊളിച്ചിട്ട റോഡും, റോഡിലെ കുഴികളും. ഓടകൾ അടഞ്ഞുകിടക്കുന്നതിനാൽ വെള്ളമൊഴുകി പോയതേയില്ല. ഉള്ളൂർ ശ്രിചീത്ര നഗറിലും വില്ലനായത് അശാസത്രീയ ഓടനിർമാണം. വേളിയിൽ പൊഴി തുറന്നെങ്കിലും, ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിന് തടസ്സമുണ്ടായതിനാൽ വെള്ളമിറങ്ങാൻ ഏറെ സമയമെടുത്തു.തോടുകളും ഓടകളും ശുചിയാക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്.
ശനിയാഴ്ച്ച യെല്ലാ അലർട്ടും, ഞായറാഴ്ച ഗ്രീൻ അലർട്ടുമായിരുന്നു ജില്ലയിൽ പ്രഖ്യാപിച്ചിരുന്നത്. രാത്രിയോടെ മലയോര, തീര, നഗര മേഖലകളിൽ മഴ കനത്തെങ്കിലും രാത്രി പത്തിനും, പുലർച്ചെ ഒരു മണിക്കും, നാല് മണിക്കും, രാവിലെ ഏഴ് മണിക്കും നൽകിയ തത് സ്ഥിതി തി മുന്നറിയിപ്പിൽ മിതമായ മഴയോ നേരിയ മഴയോയാണ് പ്രവചിച്ചിരുന്നത്. നഗരം മുങ്ങുന്നുവെന്ന് രാത്രി തന്നെ ജനം വിളിച്ചറിയിച്ചിട്ടും, ജില്ലാഭരണകൂടം കൃത്യമായി ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.