ദില്ലി: ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി. അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബൈക്ക് ആനന്ദാണ് വിവരങ്ങൾ കൈമാറിയത്. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ഹിരൺ അന്ദാനി ഗ്രൂപ്പ് രംഗത്തെത്തി. ദുബൈയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് ഹിരൺ അന്ദാനി ഗ്രൂപ്പ് പ്രതികരിച്ചു. ബിസിനസിലാണ് ശ്രദ്ധയെന്നും, രാഷ്ട്രീയ ബിസിനസിൽ താൽപര്യമില്ലെന്നും ഹിരൺ അന്ദാനി ഗ്രൂപ്പ് പറയുന്നു. ബിജെപിക്കെതിരെ നിരന്തരം പാർലമെൻ്റിൽ വിമർശനമുന്നയിക്കുന്ന എംപിയാണ് ബംഗാളിൽ നിന്നുള്ള മഹുവ മൊയിത്ര.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്നും കോഴവാങ്ങിയെന്നാണ് മഹുവ മൊയിത്ര എംപിക്കെതിരെയുള്ള പരാതി. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ ബിജെപി നേതാവ് നിഷികാന്ത് ദുബെ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകിയിരുന്നു. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മഹുവ മൊയിത്രയുടെ പ്രതികരണം. അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെയെന്നും മഹുവ മൊയിത്ര പറഞ്ഞു.