മലപ്പുറം: കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. കുന്നമംഗലം കോടതിയിലാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ നൽകിയ പരാതിയെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. കത്വ ഉന്നാവോ പെൺകുട്ടികൾക്കായി സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു ആരോപണം ഉയർന്നത്. യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെയായിരുന്നു ആരോപണം. കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ റിഫോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്‍. 2021 ലാണ് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തുന്നത്.