ഐസ്വാൾ: മണിപ്പൂരിനേക്കാൾ ഇസ്രായേലിനോടാണ് മോദിക്ക് താൽപര്യമെന്ന് രാഹുൽ ഗാന്ധി. മണിപ്പൂരിനെ ബി.ജെ.പി നശിപ്പിച്ചെന്നും രാഹുൽ പറഞ്ഞു. മിസോറാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഇസ്രായേലിൽ നടക്കുന്ന കാര്യങ്ങളിൽ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിലും മണിപ്പൂരിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഒട്ടും താൽപ്പര്യം കാണിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. മണിപ്പൂരിനെ ബി.ജെ.പി നശിപ്പിച്ചു”- രാഹുൽ പറഞ്ഞു.
ജൂണിൽ മണിപ്പൂർ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ തന്നെ ഞെട്ടിച്ചു. ജനങ്ങൾ കൊല്ലപ്പെടുകയും സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾ വരെ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി അവിടേക്ക് യാത്ര ചെയ്യുന്നത് പ്രധാനമായി കാണുന്നില്ല.
മേയിൽ കലാപം തുടങ്ങിയിട്ടും ഇതുവരെ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത് നാണക്കേടുണ്ടാക്കുന്നു. ഇന്ത്യ എന്ന ആശയംതന്നെ ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനങ്ങൾക്കുമേൽ അടിച്ചമർത്തൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നടന്നത് ഇന്ത്യ എന്ന ആശയത്തിനെതിരായ ആക്രമണമാണ്. ഭാരത് ജോഡോ യാത്ര രാജ്യത്തെ എല്ലാ മതങ്ങളെയും സംസ്കാരത്തെയും ഭാഷകളെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നെന്നും രാഹുൽ പറഞ്ഞു.