ഇടുക്കി : വ്യാജ അപേക്ഷകര്‍ക്കും ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍ പട്ടയം അനുവദിച്ചുനല്‍കിയെന്ന് ആരോപണം. ഒരു കുടുംബത്തിലെ 15 പേര്‍ക്കും ഒരാളുടെ രണ്ട് പേരുകളിലും ഇത്തരത്തില്‍ പട്ടയം വിതരണം ചെയ്തു. അപേക്ഷകരുടെ അറിവോടെയല്ലാതെ വ്യാജ അപേക്ഷകര്‍ക്കും പട്ടയം പതിച്ചുനല്‍കി. വ്യാജ പട്ടയം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഇടപെട്ട് പിന്നീട് ചിലത് റദ്ദാക്കിയിരുന്നു. പട്ടയം ലഭിച്ച പലരും പിന്നീടാണ് ഇത് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് കോടതിയില്‍ കേസ് എത്തുകയും ചിലത് റദ്ദാക്കുകയും ചെയ്തത്. നടപടി ക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിച്ചുകൊണ്ടാണ് മൂന്നാറിലടക്കം പട്ടയം വിതരണം ചെയ്തതെന്നായിരുന്നു നേരത്തെ എം ഐ രവീന്ദ്രന്‍ പ്രതികരിച്ചിരുന്നത്. ഇത് അസാധുവാക്കുന്നതാണ് പുതിയ വിവരങ്ങള്‍.
അതേസമയം ഇടുക്കിയില്‍ 1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ റദ്ദാക്കാനൊരുങ്ങുന്നത്. റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ ഫയലുകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.