2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. കോൺഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യങ്ങൾ സജീവമായിരിക്കെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തി ഇന്ത്യൻ സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും ഇത് കാത്തിരുന്ന് കാണാമെന്നും തരൂർ പറഞ്ഞു.