ബൊറൂസ്യ : ഏറ്റവും മികച്ച മൂന്ന് ഫുട്ബോള്‍ താരങ്ങളിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെ എർലിംഗ് ഹാലൻഡ്. ബൊറൂസ്യ താരത്തിന്‍റെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പിഎസ്‌ജിയുടെ അര്‍ജന്‍റൈന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി എന്നതും ശ്രദ്ധേയമാണ്. മെസി-റൊണാൾഡോ യുഗത്തിന് ശേഷം യൂറോപ്യൻ ഫുട്ബോളിനെ നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് എർലിംഗ് ഹാലൻഡ്. ഇരുപത്തിയൊന്നാം വയസിൽ ഫിഫയുടെ ലോക ഇലവനിൽ ഇടംപിടിച്ച ഹാലൻഡ് കഴിഞ്ഞ ദിവസം നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തു. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മൂന്നുപേരിൽ ഉൾപ്പെട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. ലിയോണൽ മെസിയാണെങ്കിൽ മൂന്നാം സ്ഥാനത്തുമായി.
ബയേൺ മ്യൂണിക്കിന്‍റെ ഗോളടിയന്ത്രം റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ആണ് ഹാലൻഡ് ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കുന്നത്. മെസിയെക്കാൾ മികച്ച താരമായി കരീം ബെൻസേമയെയും തന്‍റെ താരപ്പട്ടികയിൽ ഹാലൻഡ് ഉൾപ്പെടുത്തിയിരിക്കുന്നു. ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കിയ ലെവൻഡോവ്‌സ്‌കി ബാലൻ ഡി ഓറിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മെസിയാണ് ബാലൻ ഡി ഓർ സ്വന്തമാക്കിയത്. 2011ൽ ബയേൺ മ്യൂണിക്കിനായി 59 കളിയിൽ 69 ഗോളാണ് ലെവൻഡോവ്സ്‌കി നേടിയത്. മെസി 34 ഗോൾ സ്വന്തം പേരിനൊപ്പം കുറിച്ചു. അർജന്‍റീനയ്ക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതായിരുന്നു മെസിയുടെ ഏറ്റവും വലിയ നേട്ടം. റയൽ മാഡ്രിഡും ബാഴ്‌സലോണയും മാഞ്ചസ്റ്റർ സിറ്റിയും പിഎസ്‌ജിയുമെല്ലാം നോട്ടമിടുന്ന ഹാലൻഡ് ബൊറൂസ്യക്കായി 80 കളിയിൽ 79 ഗോൾ നേടിയിട്ടുണ്ട്.