കൊച്ചി> ഗർഭസ്ഥശിശുവിന് ഗുരുതരഹൃദ്രോഗമുള്ളതിനാൽ 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ദമ്പതികൾക്ക് ഹൈക്കോടതിയുടെ അനുമതി. പൂർണ വളർച്ചയെത്തിയാലും ജീവിക്കാൻ സാധ്യതയില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ഗർഭം അലസിപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുമതി നൽകിയത്. ഗർഭഛിദ്രത്തിന് നടപടി സ്വീകരിക്കാൻ എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് നിർദേശിച്ചു.
ദമ്പതികളുടെ ഹർജി പരിഗണിച്ചപ്പോൾ, മെഡിക്കൽ ബോർഡ് രൂപീകരിച്ച് യുവതിയെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു. ഗർഭസ്ഥശിശുവിന് ഗുരുതരഹൃദ്രോഗമുള്ളതിനാൽ രക്ഷപ്പെടുത്താൻ സാധ്യത കുറവാണെന്നായിരുന്നു അഞ്ച് വിദഗ്ധരടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഗർഭം അലസിപ്പിക്കുന്നത് അമ്മയുടെ ആരോഗ്യത്തിന് ചില പ്രശ്നങ്ങളുണ്ടാക്കുമെന്നും എന്നാൽ ഗർഭപാത്രത്തിന് തകരാറ് സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇത് പരിഗണിച്ചാണ് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.