തിരുവനവന്തപുരം> ശ്രീകാര്യം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സിഇടി) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ മീറ്റ് ദി കാൻഡിഡേറ്റിൽ “ധീരജ്’ വീണ്ടും ആവർത്തിക്കുമെന്ന കൊലവിളിയുമായി കെഎസ്യു പ്രവർത്തകർ. എസ്എഫ്ഐയുടെ സർവകലാശാലാ കൗൺസിലർ സ്ഥാനാർഥി അഭിഷേക് രഞ്ജിത് വോട്ടു ചോദിച്ച് സംസാരിക്കുന്നത് തടസ്സപ്പെടുത്തി ക്യാമ്പസിലെ കെഎസ്യു നേതാവ് ഷാനിദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കൊലവിളി നടത്തിയത്.
കഴിഞ്ഞ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിൽ കെഎസ്യു യൂത്ത് കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയ രക്തസാക്ഷി ധീരജ് രാജേന്ദ്രനുണ്ടായ അനുഭവം സിഇടി ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകർക്കും ഉണ്ടാകുമെന്നാണ് കെഎസ്യുവിന്റെ ഭീഷണി. ഷാനിദ് മുഹമ്മദ് ഉൾപ്പെടെയുള്ള കെഎസ്യു പ്രവർത്തകർക്കെതിരെ എസ്എഫ്ഐ ഏരിയ കമ്മിറ്റി ശ്രീകാര്യം പൊലീസിൽ പരാതി നൽകി. മീറ്റ് ദി കാൻഡിഡേറ്റിനിടെ കൊലവിളി നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ചയാണ് സംസ്ഥാനത്ത് സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.