തിരുവനന്തപുരം: മുംബൈ ഭീകരാക്രമണത്തിൽ സാരമായി പരിക്കേറ്റ എന്‍എസ് ജി കമാൻഡോ കണ്ണൂർ അഴീക്കോട് സ്വദേശി പി വി മനേഷിന് വീട് നിർമ്മിക്കാൻ സൗജന്യമായി ഭൂമി പതിച്ച് നല്‍കുമെന്ന് സംസ്ഥാന സർക്കാർ. പുഴാതി വില്ലേജ് റീ സർവേ നമ്പർ 42/15 ൽ ഉൾപ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള 5 സെന്‍റ് ഭൂമിയാണ് നൽകുക. സംസ്ഥാന സർക്കാരിന്‍റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാൽപ്പര്യം മുൻനിർത്തിയാണ് സൗജന്യമായി പതിച്ച് നൽകുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ അറിയിച്ചു.
2008 നവംബര്‍ 26ന് നടന്ന മുബൈ ഭീകരാക്രമണത്തില്‍ ഗ്രനേഡ് ആക്രമണത്തില്‍ തലക്കാണ് എന്‍എസ് ജി കമാന്‍ഡോ മനേഷിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. രണ്ടര വര്‍ഷത്തോളം ദില്ലി സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാസങ്ങളോളം അബോധാവസ്ഥയിലായശേഷമാണ് മനേഷ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. അപകടത്തെതുടര്‍ന്ന് മനേഷിന്‍റെ ശരീരത്തിന്‍റെ വലതുഭാഗം തളര്‍ന്നുപോവുകയായിരുന്നു. രാജ്യം മനേഷിന് ശൗര്യചക്ര പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.