ട്രെയിൻ പാൻട്രിയിൽ ഓടിനടക്കുന്ന എലികളുടെ വിഡിയോ പങ്കുവച്ച് യാത്രക്കാരൻ. പാൻട്രിയിലൂടെ എലികൾ ഓടിനടക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം. മംഗിരീഷ് തെണ്ടുൽക്കർ എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ വൈറലായതോടെ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
ഒക്ടോബർ 15ന് മുംബൈ ലോക്മാമ്യ തിലകിൽ നിന്ന് മഡ്ഗാവ് വരെ പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. കുടുംബവുമൊത്തുള്ള യാത്രക്കിടെ പാൻട്രിയിൽ എലികളെ കണ്ട തെണ്ടുൽക്കർ മൊബൈലിൽ വിഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ആറോ ഏഴോ എലികൾ പാൻട്രിയിലുണ്ടായിരുന്നു എന്ന് വിഡിയോ പങ്കുവച്ച് തെണ്ടുൽക്കർ പറഞ്ഞു. വിവരം ആർപിഎഫിനെ അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. നൂറുകണക്കിന് എലികൾ ട്രാക്കിലുണ്ടെന്നും അവയിൽ ചിലത് ട്രെയിനിൽ കേറുന്നതിൽ എന്താണ് പുതുമ എന്നും ആർപിഎഫ് അധികൃതർ ചോദിച്ചു എന്ന് വിഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. തുടർന്ന് തെണ്ടുൽക്കർ അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ മീണയെ സമീപിച്ചു. പാൻട്രി മാനേജരോട് മീണ കാര്യം അവതരിപ്പിച്ചപ്പോൾ, പാൻട്രിയിൽ എലികളുണ്ടെന്നും അതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു പാൻട്രി മാനേജർ പറഞ്ഞത്. ഇത്തരം കോച്ചുകളാണ് റെയിൽവേ തുടർച്ചയായി തങ്ങൾക്ക് നൽകുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടെ റെയിൽ മദദ് ആപ്പിൽ മീണ പരാതിനൽകുകയായിരുന്നു.
വിഡിയോ വൈറലായതോടെ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് ഐആർസിടിസി അറിയിച്ചു. ഗൗരവമായാണ് ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്. നടപടിയെടുത്തിട്ടുണ്ട്. ക്ഷുദ്രജീവികളെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു. പാൻട്രി കാർ സാനിറ്റൈസ് ചെയ്ത് വൃത്തി ഉറപ്പിച്ചു എന്നും ഐആർസിടിസി അറിയിച്ചു.
https://x.com/mumbaimatterz/status/1714620648381968787?s=20