മംഗളൂരു: നഗരത്തിലെ കാർ സ്റ്റ്രീറ്റ് മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളിൽ ഓംകാര മുദ്രയുള്ള മുക്കോൺ കാവിക്കൊടികൾ ഉയർത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്കെതിരെ മംഗളൂരു സൗത്ത് പൊലീസ് കേസെടുത്തു. വി.എച്ച്.പി ദക്ഷിണ കന്നട-ഉഡുപ്പി മേഖല സെക്രട്ടറി ശരൺ പമ്പുവെലിനും നേതാക്കൾക്കുമെതിരെയാണ് കേസെടുത്തതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഞായറാഴ്ച തുടങ്ങി 24ന് അവസാനിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഒരുക്കിയ സ്റ്റാളുകളിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കാവിക്കൊടികൾ ഉയർന്നത്. ശരണും സംഘവും പ്രചാരണം നടത്തി നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. ഹിന്ദു വ്യാപാരികളെ തിരിച്ചറിയാനുള്ള അടയാമായിക്കണ്ട് ഹിന്ദു സമൂഹം ആ സ്റ്റാളുകളിൽ നിന്ന് മാത്രം വ്യാപാരം നടത്തണം എന്ന ആഹ്വാനം പിന്നാലെ വന്നു. മംഗളൂരു സൗത്ത് പൊലീസ് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദ് വിവരങ്ങൾ ശേഖരിച്ച് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
മംഗളൂരുവിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മുസ്‌ലിം വ്യാപാരികളെ ഒഴിവാക്കിയാണ് ഒമ്പത് ലക്ഷം രൂപക്ക് ക്ഷേത്ര കമ്മിറ്റി 71 സ്റ്റാളുകൾ ലേലം ചെയ്തിരുന്നത്. ക്ഷേത്രത്തിൽ നിന്ന് അകലെ ശേഷിച്ച സ്റ്റാളുകളിൽ 11 എണ്ണം പിന്നീട് ലേലം ചെയ്തതിൽ ആറ് എണ്ണം മുസ്‌ലിം കച്ചവടക്കാർക്ക് ലഭിച്ചിരുന്നു. ഇവയെ വേറിട്ട് നിറുത്താനാണ് സ്റ്റാളുകൾക്ക് മുന്നിൽ കാവിക്കൊടി ആശയം സംഘ്പരിവാർ നടപ്പാക്കിയത് എന്നാണ് ആക്ഷേപം.
പ്രശ്നം ദക്ഷിണ കന്നട-ഉഡുപ്പി ജില്ല ജാത്ര വ്യാപാരസ്ഥ സമന്വയ സമിതി (ഉത്സവ വ്യാപാരി ഏകോപന സമിതി) ഭാരവാഹികൾ ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങൾക്കിടയിൽ മതസ്പർധ വളർത്താനുള്ള ബി.ജെ.പി അജണ്ടയാണ് ശരണും സംഘവും നടപ്പാക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ള പറഞ്ഞു. ദലിത് സംഘർഷ സമിതി അംഗങ്ങളായ കെ. ദേവദാസ്, രഘു യെക്കാർ എന്നിവരും വിഎച്ച്പി നേതാക്കളുടെ അറസ്റ്റ് ആവശ്യമുന്നയിച്ച് രംഗത്തുവന്നിരുന്നു.












