മുംബൈ: ഫലസ്തീനൊപ്പം നിലകൊണ്ട മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ തള്ളിപ്പറയാൻ ബി.ജെ.പി തയാറാകുമോയെന്ന് എൻ.സി.പി. ഇസ്രായേലിന്റെ ഗസ്സ കൂട്ടക്കുരുതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ എൻ.സി.പി നേതാവ് ശരദ്പവാർ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഹമാസിന്റെ മിന്നൽ ആക്രമണത്തിന് പിന്നാലെ മോദി എസ്ക് പ്ലാറ്റ്ഫോമിൽ ഇസ്രായേലിന് പിന്തുണയുമായി എത്തിയിരുന്നു. ഇതിനെയാണ് ശരദ്പവാർ വിമർശിച്ചത്. ഫലസ്തീനികളുടെ ഭൂമിയും വീടും സമ്പത്തും എല്ലാം കവർന്നെടുത്തവരാണ് ഇസ്രായേൽ. ഭൂമിയുടെ യഥാർഥ അവകാശികൾ ഫലസ്തീൻ ജനതയാണെന്നും ഇസ്രായേൽ വെറും കാഴ്ചക്കാർ മാത്രമാണെന്നുമായിരുന്നു എൻ.സി.പി നേതാവിന്റെ അഭിപ്രായം.
ശരദ് പവാറിന്റെ പരാമർശത്തെ വിമർശിച്ച് നിരവധി ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു. ഗസ്സയിൽ ഹമാസിനു വേണ്ടി യുദ്ധം ചെയ്യാൻ ശരദ് പവാർ തന്റെ മകൾ സുപ്രിയ സുലെയെ അയക്കുമെന്ന് കരുതുന്നു എന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ശർമയുടെ പരിഹാസം. ശരദ് പവാറിൽ നിന്ന് ഇങ്ങനെയുള്ള പരാമർശങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയാലും പറഞ്ഞിരുന്നു. തുടർന്നാണ് എൻ.സി.പി മറുപടിയുമായി രംഗത്ത് വന്നത്.
ഒരിക്കൽ കോൺഗ്രസുകാരനായിരുന്ന ഹിമന്ത ശർമ ബി.ജെ.പിയിലെത്തിയ ശേഷമുണ്ടായ മാറ്റം തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു സുപ്രിയ സുലെ വിവാദ പരാമർശത്തോട് പ്രതികരിച്ചത്. ബി.ജെ.പി സ്ത്രീകളെ അപമാനിക്കുകയാണെന്നും ഹിമന്തയുടെ നിർദേശം തന്റെ പാർട്ടി പുഛിച്ചു തള്ളുന്നുവെന്നും സുപ്രിയ കൂട്ടിച്ചേർത്തു. 2015ലാണ് ഹിമന്ത ശർമ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഹിമന്ത ശർമ പറയുന്നത് ആരും കാര്യമായി എടുക്കില്ലെന്നായിരുന്നു എൻ.സി.പി നേതാവ് ജിതേന്ദ്ര ഐഹാദിന്റെ പ്രതികരണം.