ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നായ ഗൂഗിൾ പേ, ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. സാഷെ ലോണുകൾ എന്ന പേരിലുള്ള വായ്പ ഗൂഗിൾ പേ ആപ്പിൽ ലഭിക്കും. ഇന്ത്യയിലെ വ്യാപാരികൾക്ക് പലപ്പോഴും ചെറിയ ലോണുകൾ ആവശ്യമാണെന്ന് ഗൂഗിൾ ഇന്ത്യ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സാഷെ ലോൺ ആരംഭിച്ചിരിക്കുന്നതെന്ന് ഗൂഗിൾ ഇന്ത്യ കൂട്ടിച്ചേർത്തു. ഡിഎംഐ ഫിനാൻസുമായി സഹകരിച്ചാണ് ലോൺ സേവനങ്ങൾ നൽകുന്നത്. 7 ദിവസത്തിനും 12 മാസത്തിനും ഇടയിലുള്ള തിരിച്ചടവ് കാലാവധിയുള്ള 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകളാണ് സാഷെ ലോണുകൾ.
വ്യാപാരികളുടെ പ്രവർത്തന മൂലധന ആവശ്യകതകൾ പരിഹരിക്കാൻ സഹായിക്കുന്ന ഇ പേ ലേറ്ററിന്റെ പങ്കാളിത്തത്തോടെ വ്യാപാരികൾക്കായി ഗൂഗിൾ പേ ഒരു വായ്പാ പദ്ധതിയും സജ്ജമാക്കിയിട്ടുണ്ട്. ഇവ 15,000 രൂപ മുതൽ ആരംഭിക്കുന്നു, 111 രൂപ മുതലുള്ള ഇഎംഐകൾ ഉപയോഗിച്ച് തിരിച്ചടയ്ക്കാം. ഉപഭോക്താക്കൾക്കായി ഗൂഗിൾ പേ ആക്‌സിസ് ബാങ്കുമായി ചേർന്ന് വ്യക്തിഗത വായ്പാ നൽകും. ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് വായ്പകൾ യുപിഐ വഴി ലഭ്യമാക്കും.
ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത പദ്ധതിയും ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ മെര്‍ച്ചന്‍റ് സെന്‍റര്‍ നെക്സ്റ്റ് സംവിധാനം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വയമേവ പ്രചരിപ്പിക്കും. ഇത് കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ സംരംഭകരെ സഹായിക്കും. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനുള്ള ഡിജി കവച് ഗൂഗിള്‍ നടപ്പാക്കുന്നുണ്ട്. ഗൂഗിള്‍ പേ വഴിയുള്ള 12,000 കോടി രൂപയുടെ തട്ടിപ്പ് തടഞ്ഞതായും ഗൂഗിള്‍ അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെയുള്ള 3,500 വ്യാജ ആപ്പുകള്‍ നീക്കം ചെയ്തതായും ഗൂഗിള്‍ വ്യക്തമാക്കി. കഴിഞ്ഞ 12 മാസത്തിനിടെ 167 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ ഗൂഗിൾ പേ വഴി നടന്നു