ഒട്ടാവ : ഇന്ത്യയ്‌ക്കെതിരെ കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി. 41 കനേഡിയന്‍ നയതന്ത്രജ്ഞരുടെ പരിരക്ഷ പിന്‍വലിച്ചതിന് ഇന്ത്യയ്ക്ക് ന്യായീകരണമില്ലെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നടപടിയാണെന്ന് മെലാനി ജോളി പറഞ്ഞു. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമത്തിന് വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നത് കാനഡ തുടരുമെന്ന് മെലാനി ജോളി വ്യക്തമാക്കി. വിസ അപേക്ഷകള്‍ പരിഗണിക്കാന്‍ കാലതാമസം എടുക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കാനഡയ്ക്ക് 62 പ്രതിനിധികളാണുള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഭൂരിപക്ഷം നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയ്ക്ക് പുറത്തേക്ക് കാനഡ മാറ്റിയിരുന്നു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി അന്വേഷിക്കുകയാണെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. കൊലപാതകത്തില്‍ തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.