ന്യൂഡൽഹി : ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് അവസാനമുണ്ടാകണമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാസയിൽ കുട്ടികളടക്കം നിരപരാധികളായ ആയിരക്കണക്കിനാളുകളെ കൊല്ലുന്നതും അവർക്കുള്ള ഭക്ഷണവും വെള്ളവും വൈദ്യുതിയും തടസപ്പെടുത്തുന്നതും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്. നിരപരാധികളായ ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയതും കൊലപ്പെടുത്തിയതും ക്രിമിനൽ കുറ്റമാണ്. അതും അപലപിക്കപ്പെടേണ്ടതാണെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് കോൺഗ്രസ് എക്കാലവും നൽകിയിട്ടുള്ള പിന്തുണ ആവർത്തിക്കുന്നതായി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ കോൺഗ്രസ് അപലപിച്ചിരുന്നു. ഗാസയിലെ ഇസ്രയേൽസേനാ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.