മസ്ക്കറ്റ് : അറബികടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ത്യ നിർദ്ദേശിച്ച ‘തേജ്’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. 22ഓടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിക്കുന്ന തേജ് ഒക്ടോബർ 24ഓടെ ഒമാൻ-യെമൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല. ഈ വർഷത്തെ മൂന്നാമത്തെയും അറബികടലിൽ രണ്ടാമത്തെയും ഈ സീസണിലെ ആദ്യത്തെയും ചുഴലിക്കാറ്റാണ് തേജ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ തീവ്രന്യൂന മർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിലായി മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത.