ഇസ്ലാമാബാദ്: നാല് വർഷത്തെ സ്വയം പ്രവാസ ജീവിതത്തിന് ശേഷം മുൻ പാക്കിസ്ഥാൻ പ്രസിഡന്‍റ് ഇന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തും. നവാസ് ഷെരീഫ് നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നവാസ് ഷെരീഫിന്‍റെ തിരിച്ച് വരവെന്നത് ശ്രദ്ധേയമാണ്.
മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് അഴിമതിക്കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേയാണ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയത്. ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്‍റെ കാലത്ത് റജിസ്റ്റർ ചെയ്ത അഴിമതി കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാൻ കഴിയാത്ത സ്ഥിതിയായിരുന്നു. 2022 ഏപ്രിലിൽ നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാക് സർക്കാർ പാസ്പോർട്ട് നൽകിയിരുന്നു. തനിനെതിരെ നടപടിയെടുത്ത മുൻ പാക് പ്രഥാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ഷെരീഫ് തിരികെ രാജ്യത്തെത്തുന്നത്.
ലണ്ടനിൽ നിന്നും രണ്ട് ദിവസം മുമ്പേ ദുബൈയിലെത്തിയ നവാസ് ഷെരീഫ് ഇന്ന് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിലെത്തും. അവിടെ നിന്ന് ലാഹോറിലേക്ക് പോകും. ലാഹോറിൽ നവാസ് ഷെരീഫിനെ സ്വീകരിക്കാൻ റാലിയടക്കം വലിയ പരിപാടികളാണ് പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്–നവാസ് ആസൂത്രണം ചെയ്തിരിക്കുന്നത്. അനുയായികള്‍ക്കൊപ്പം നവാസ് ഷെരീഫ് റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സ്വീകരണം ഉജ്വലമാക്കാൻ ഇളയ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് പ്രവർത്തകരെ ആഹ്വാനം ചെയ്തിട്ടുണ്ട്.