പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് നിതീഷ് തിവാരിയുടെ രാമായണം. രൺബീർ കപൂർ രാമനായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം സായ് പല്ലവിയാണ് സീത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രാവണനായി എത്തുന്നത് കന്നഡ സൂപ്പർ താരം യഷ് ആണ്.നിതീഷ് തിവാരിയുടെ രാമായണത്തിൽ 150 കോടി രൂപയാണ് യഷിന്റെ പ്രതിഫലമെന്ന് റിപ്പോർട്ട്. നടനുമായി ചേർന്നു നിൽക്കുന്ന സോഴ്സിനെ ഉദ്ധരിച്ച് ദേശീയമാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത വർഷം ചിത്രം തിയറ്ററുകളിൽ എത്തും.
‘100 മുതൽ 150 കോടിവരെയാണ് യഷ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. 100 കോടിയാണ് മിനിമം ചാർജ്. സിനിമയുടെ ഷെഡ്യൂകൾ അനുസരിച്ച് പ്രതിഫലം വർധിപ്പിക്കും. കൂടാതെ കെ.ജി. എഫിന്റെ മൂന്നാം ഭാഗം ഒരുങ്ങുകയാണ്. 2025 ആകും ആ ചിത്രം തിയറ്ററുകളിൽ എത്തുക. അടുത്ത വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണവും ആരംഭിക്കും. കെ.ജി.എഫിലെ ലുക്കിൽ നിന്ന് വ്യത്യസ്തമാണ് രാമായണത്തിലേത്. ലുക്കിനെ കുറിച്ചുളള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്ത ലുക്കിലാകും യഷ് രാമായണത്തിൽ എത്തുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
തുടക്കത്തിൽ ചിത്രത്തിലെ രാവണൻ കഥാപാത്രം നിരസിച്ചിരുന്നു. വില്ലന്‍ വേഷം ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനെ തുടർന്നാണ് ത ഈ കഥാപാത്രം നിരസിച്ചത്. പിന്നീട് അണിയറപ്രവർത്തകരുമായി നടന്ന ചർച്ചകൾക്കൊടുവിലാണ് രാവണനാകാൻ യഷ് സമ്മതം മൂളിയത്.












