ഇന്ത്യയിലെത്തിയ അമേരിക്കൻ യൂട്യൂബര്‍ സ്പീഡ് എന്ന ഡാറെൻ ജെയ്സൺ വാട്കിൻസിന്‍റെ വിവിധ വീഡിയോകളാണ് ഈ അടുത്ത ദിവസങ്ങളിലായി രാജ്യത്ത് വൈറലായിരിക്കുന്നത്. ഇന്ത്യ- പാക് മാച്ചുമായി ബന്ധപ്പെട്ടാണ് സ്പീഡ് ഇന്ത്യയിലെത്തിയതത്രേ.
മുംബൈയില്‍ തെരുവുകളിലൂടെയെല്ലാം യാത്ര ചെയ്ത സ്പീഡിന്‍റെ- ഇവിടെ നിന്നുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. യൂട്യൂബില്‍ മാത്രം 20 മില്യണ്‍ ( 2 കോടി) ഫോളോവേഴ്സാണ് സ്പീഡിനുള്ളത്. റാപ്പര്‍ എന്ന നിലയില്‍ കൂടി പ്രശസ്തനായ സ്പീഡിന് ഓൺലൈൻ ലോകത്ത് മാത്രമല്ല ഓഫ്ലൈനായും ആരാധകരേറെയാണ്. ഇപ്പോഴിതാ സ്പീഡിന്‍റെ ഒരു ഇന്ത്യൻ വീഡിയോ കൂടി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ വീഡിയോ പക്ഷേ സ്പീഡ് അല്ല, അദ്ദേഹത്തിന്‍റെ ആരാധകരാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ദുരിതജീവിതം നയിക്കുന്നൊരു കുടുംബത്തെ സ്പീഡ് സാമ്പത്തികമായി സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭര്‍ത്താവുപേക്ഷിച്ചുപോയൊരു സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. തെരുവിലൂടെ നടന്നുപോകുന്നതിനിടെ ഇവരുടെ ദുരിതജീവിതം നേരിട്ടനുഭവിച്ചറിഞ്ഞതോടെ കയ്യിലുള്ള പണം അവര്‍ക്ക് നല്‍കാൻ തീരുമാനിക്കുകയായിരുന്നുവത്രേ സ്പീഡ്.
സ്പീഡ് കയ്യില്‍ നോട്ടുകള്‍ വച്ച് കൊടുത്തതിന് പിന്നാലെ തന്നെ ദുഖം സഹിക്കാനാകാതെ സ്ത്രീ കരയുകയാണ്. ഇതോടെ സ്പീഡും വൈകാരികമായി ബാധിക്കുന്നത് വേര്‍തിരിച്ചറിയാം. തനിക്ക് എല്ലാം മനസിലാകും, കരയരുത്, എന്ന് പലവട്ടം സ്പീഡ് അവരോട് പറയുന്നുണ്ട്. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കുഴഞ്ഞുപോവുകയാണ് സ്പീഡ്. കണ്ണീരിന് ഭാഷയില്ലെന്ന് പറയുന്നത് പോലെ അവര്‍ പറയുന്ന ആവലാതികളെല്ലാം സ്പീഡിന് മനസിലാകുന്നതായി നമുക്ക് തോന്നാം. നിങ്ങളും എന്നെ പോലെ തന്നെ എന്ന് സ്പീഡ് അവരോട് പറയുന്നുണ്ട്.
ശേഷം കുട്ടികളെയെല്ലാം ചേര്‍ത്തുപിടിച്ച് ഊഷ്മളമായി അഭിവാദനം ചെയ്യുന്നു സ്പീഡ്. അദ്ദേഹത്തിന്‍റെ കരുണയ്ക്ക് കയ്യടിക്കുകയാണ് ആരാധകര്‍. തങ്ങള്‍ ശരിയായ മനുഷ്യനെ തന്നെയാണ് ആരാധിക്കുന്നതെന്നും സ്പീഡ് ഇത്തരത്തില്‍ നിരവധി പേരെ സഹായിക്കാറുണ്ടെന്നുമെല്ലാം ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നു.
സ്പീഡിന്‍റെ വീഡിയോ കാണാം…
IShowSpeed giving money to this mom on the streets of India, We made the right person famous 🥹❤️ pic.twitter.com/3ZwALAfYgh
— Speedy Updates (@SpeedUpdates1) October 19, 2023