തൃശൂർ : കുന്നംകുളം കീഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ പ്രധാന അധ്യാപകന്‍റെ ഓഫീസ് മുറിയിൽ അതിക്രമിച്ച് കയറി നോമിനേഷനുകൾ കീറിക്കളഞ്ഞ സംഭവത്തിൽ 13 എബിവിപി പ്രവർത്തകർക്കെതിരെ കേസ്. കുന്നംകുളം പൊലീസ് ജാമ്യമില്ല വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.പൊതുമുതൽ നശിപ്പിച്ചതിനും അധ്യാപകന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. വിവേകാനന്ദ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എബിവിപി പ്രവർത്തകർ സമർപ്പിച്ച ചെയർമാൻ സ്ഥാനാർത്ഥിയുടെ ഉൾപ്പെടെ നാല് എബിവിപി പ്രവർത്തകരുടെ നോമിനേഷൻ തള്ളിയിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് പ്രധാന അധ്യാപകന്‍റെ റൂമിലേക്ക് അതിക്രമിച്ചു കയറിയ എബിവിപി പ്രവർത്തകർ പ്രിൻസിപ്പലിന്‍റെ റൂമിലുണ്ടായിരുന്ന നോമിനേഷനുകൾ കീറി കളയുകയായിരുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ എബിവിപി പ്രവർത്തകരെ കോളേജിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ പ്രവർത്തകരായ അഭിനന്ദ്, മാളവിക എന്നിവരുടെ നേതൃത്വത്തിൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.അടുത്ത ദിവസം എബിവിപി പ്രവർത്തകരായ എട്ടു പേരെ അഞ്ച് ദിവസത്തേക്ക് കോളേജിൽ നിന്ന് സസ്പെൻഡും ചെയ്തു. ഇതേ തുടർന്ന് കോളേജിൽ എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും സംഭവത്തിൽ പൊലീസ് ലാത്തി വിശുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോളേജിലെ അധ്യാപകൻ പൊതുമുതൽ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിന് പോലീസിൽ പരാതി നൽകിയത്. ഇതോടെയാണ് ജാമ്യമില്ല വകുപ്പിൽ 13 എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്.