ഗസ്സ സിറ്റി: ഇസ്രായേൽ ഇന്ധനം തടഞ്ഞതോടെ ഗസ്സയിലെ വിവിധ ആശുപത്രികളിലെ ഇൻക്യുബേറ്ററുകളിൽ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവൻ അപടത്തിൽ. നവജാതശിശുക്കളുടെ എണ്ണം യു.എന്നിന്‍റെ ചിൽഡ്രൻസ് ഏജൻസിയാണ് പുറത്തുവിട്ടത്.നിലവിൽ ഇൻക്യുബേറ്ററുകളിൽ 120 നവജാതശിശുക്കളുണ്ട്. അതിൽ 70 നവജാതശിശുക്കൾ മെക്കാനിക്കൽ വെന്‍റിലേഷനിലുള്ളതാണ്. ഇത് തീർച്ചയായും ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് -യുനിസെഫ് വക്താവ് ജൊനാഥൻ ക്രിക്ക്സ് പറഞ്ഞു.
ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 1,700ലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ ആകെ മരണസംഖ്യ 4,651 ആയി. പരിക്കേറ്റവരുടെ എണ്ണം 14,245 ആയി. വെസ്റ്റ് ബാങ്കിൽ 90 പേരും കൊല്ലപ്പെട്ടു.ആക്രമണത്തിൽ ഒരു ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. റുഷ്ദി സർറാജ് എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്.ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ ആക്രമണം രൂക്ഷമായതോടെ ലെബനനുമായുള്ള രാജ്യത്തിന്റെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള പട്ടണങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഇസ്രായേലികളെ ഒഴിപ്പിക്കുകയാണ്.