ന്യൂയോർക്ക് ∙ വാഹനമിടിച്ചതിനെ തുടർന്നുള്ള തർക്കത്തിൽ മർദനത്തിന് ഇരയായ സിഖ് വംശജൻ ആശുപത്രിയിൽ മരിച്ചു. അറുപത്താറുകാരനായ ജാസ്മെർ സിങ്ങാണ് മരിച്ചത്. ന്യൂയോർക്കിൽ കഴിഞ്ഞ ആഴ്ചയാണ് ജാസ്മെർ സിങ്ങിനു നേരെ ആക്രമണം ഉണ്ടായത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.ഒക്ടോബർ 19നാണ് ജാസ്മെറിന്റെ കാർ, ഗിൽബെർട്ട് അഗസ്റ്റിൻ എന്നായാളുടെ കാറിൽ തട്ടിയത്. അപകടത്തിൽ രണ്ടു കാറിലും നേരിയ പോറലുകളുണ്ടായി. തുടർന്ന് ജാസ്മെർ അടിയന്തര സഹായത്തിനായി 911 എന്ന നമ്പറിലേക്കു വിളിക്കാൻ ശ്രമിച്ചപ്പോൾ, ‘നോ പൊലീസ്, നോ പൊലീസ്’ എന്നു പറഞ്ഞ് ഗിൽബെർട്ട് ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
ജാസ്മെർ ഫോൺ തിരികെ വാങ്ങി കാറിലേക്കു കയറാൻ ശ്രമിക്കവേ ഗിൽബെർട്ട് അയാളെ പിടിച്ചുമാറ്റി നെറ്റിയിലും തലയിലും ബലമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ജാസ്മെർ തലയിടിച്ച് നിലത്തു വീണു. തുടർന്ന് ജാസ്മെറിനെ ആശുപത്രിയിൽ പ്രവേശിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ ചികിത്സയിലിരിക്കെ ജാസ്മെർ മരിച്ചു.
സംഭവത്തിൽ ന്യൂയോർക്ക് സിറ്റി മേയർ അനുശോചനം രേഖപ്പെടുത്തി. ജാസ്മെർ തന്റെ നഗരത്തെ വളരെയധികം സ്നേഹിച്ച ആളായിരുന്നുവെന്നും ഇത്തരത്തിൽ ഒരു മരണം സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. നിഷ്കളങ്കനായ മനുഷ്യന്റെ ജീവനെടുത്ത വിദ്വേഷത്തെ ഇല്ലായ്മ ചെയ്യേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ജാസ്മെറിനെ ആക്രമിച്ച ഗിൽബെർട്ടിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സിഖ് വംശജർക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ആഴ്ച ബസിൽ യാത്ര ചെയ്യുകയായിരുന്ന ആൺകുട്ടിയുടെ തലപ്പാവ് അഴിച്ചുമാറ്റാൻ ശ്രമമുണ്ടായി. ‘ഇത് ഈ രാജ്യത്ത് ഞങ്ങൾ ധരിക്കാറില്ല’ എന്നു പറഞ്ഞായിരുന്നു അതിക്രമം. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.