ഡൽഹി: സർക്കാർ പദ്ധതികളുടെ പ്രചാരണത്തിന് സൈന്യത്തെ ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചരണത്തിന് റെയിൽവേ, പ്രതിരോധ സംവിധാനം തുടങ്ങിയവയെല്ലാം ദുരുപയോഗം ചെയ്യുകയാണെന്നും ചരിത്രത്തിൽ ഇത്തരമൊരു നിലപാട് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ചെയ്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതെന്നും ആരോപിച്ചു.
സൈന്യത്തെ രാഷ്ട്രീവൽക്കരിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
ഈ മാസം ഒക്ടോബർ 18ന് ഇറങ്ങിയ ഉത്തരവ് പ്രകാരം സർക്കാരിന്‍റെ ഒൻപത് വർഷത്തെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുവാൻ വേണ്ടി സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിൽ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം നടപടികള്‍ മറ്റു രാഷ്ട്രീയ പാർട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെ വീട്ടിലേക്ക് അന്വേഷണ ഏജൻസികളെ അയക്കുന്ന കേന്ദ്ര നടപടിക്കെതിരെയും കത്തിൽ വിമർശനമുണ്ടായിരുന്നു.