അഹമ്മദാബാദ്: ഗുജറാത്തിൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിൽ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ മരുന്നുകൾ ഇവർ ഡോക്ടർമാർക്ക് വിതരണം ചെയ്തിരുന്നുവെന്ന് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസോസിയേഷൻ (എഫ്.ഡി.സി.എ) പ്രസ്താവനയിൽ അറിയിച്ചു.
വ്യാജ മരുന്നുകൾ വിപണിയിലെത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് എഫ്.ഡി.സി.എ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. തുടർന്നാണ് ഗുരുതര രോഗങ്ങൾക്ക് ഉൾപ്പെടെ നൽകുന്ന മരുന്നുകളുടെ വ്യാജമരുന്നുകൾ അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് പിടിച്ചത്.
ആദ്യം പിടികൂടിയ ആൾ നൽകിയ വിവരത്തെ തുടർന്നാണ് വ്യാജ മരുന്ന് സംഘത്തിലെ മറ്റ് മൂന്ന് പേരെ കൂടി പിടിച്ചത്. ബില്ലുകൾ ഇല്ലാതെ ഇവർ ഡോക്ടർമാക്ക് വ്യാജ മരുന്ന് നൽകിയെന്ന് മൊബൈൽ ഫോണിൽ നിന്ന് വിവരം ലഭിച്ചു. പിടികൂടിയവർ ബിനാമി കമ്പനികളുടെ പേരിൽ മെഡിക്കൽ റെപ്രസന്‍റേറ്റീവെന്ന നിലയിൽ ഡോക്ടർമാരെ സമീപിക്കുകയായിരുന്നു.
പിടികൂടിയ മരുന്നുകളിൽ ഹിമാചൽ പ്രദേശിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വിലാസമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഹിമാചൽ അധികൃതരെ ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന വിവരമാണ് ലഭിച്ചത്.