കൊച്ചി: പോലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കുകയും പോലീസുകാരെ ചീത്തവിളിക്കുകയും ചെയ്ത നടന്‍ വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലുള്ള വിവാദങ്ങളിലും മറുപടിയുമായി കൊച്ചി ഡിസിപി. പോലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ക്രമക്കേടും ഉണ്ടാകില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും മൂന്നു വര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. രണ്ടു വകുപ്പുകളിലുമായി ആറുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.
പോലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വീഡിയോ പരിശോധിച്ച് കണ്ടെത്തും. അസഭ്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള വകുപ്പ് കൂടി ചുമത്തും. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചുമത്തും. മുമ്പും വിനായകന്‍ പോലീസ് സ്റ്റേഷനില്‍ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. രക്ത സാമ്പിൾ പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്താനാകും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാൽ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കുവെന്നും കൊച്ചി ഡിസിപി ശശിധരന്‍ വ്യക്തമാക്കി. നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു.