തിരുവനന്തപുരം> സംസ്ഥാനത്ത് ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 237 കോടി രൂപ ചിലവിൽ പി പി പി മാതൃകയിലാണ് സ്ഥാപിക്കുക. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി നിർവ്വഹണ ഏജൻസിയാവും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് കിൻഫ്രയെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസൽ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് അനുമതി നൽകി. ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അധ്യക്ഷതയിൽ വ്യവസായവകുപ്പ്, ഐ ടി വകുപ്പ്, കിൻഫ്ര എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും.
ഭാവിയിലെ മെറ്റീരിയൽ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാഫീൻ ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന് 2022- 23 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. നിർദ്ദിഷ്ട ഗ്രാഫീൻ ഇക്കോ സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഗ്രാഫീൻ അധിഷ്ഠിത സാങ്കേതികവിദ്യാ വികസനത്തിനായി രൂപീകരിച്ച ഇന്ത്യ ഇന്നോവേഷൻ സെൻറർ ഫോർ ഗ്രാഫിൻ എന്ന ഗവേഷണ വികസന കേന്ദ്രം പ്രാരംഭഘട്ടത്തിലാണ്. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീൻ ഉൽപ്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുവാൻ ഒരു മധ്യതല ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ യൂണിറ്റാണ് ഇപ്പോൾ ആരംഭിക്കുന്നത്.
ദീർഘിപ്പിച്ചു നൽകും
മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിയമനം നൽകിയ 15 താത്ക്കാലിക ക്ലാർക്ക് തസ്തികയുടെ കാലാവധി നിബന്ധനകൾക്കു വിധേയമായി ദീർഘിപ്പിച്ചു. പ്രസ്തുത തസ്തികകളിൽ സ്‌പോർട്‌സ് ക്വാട്ട മുഖേന നിയമിതരായി, നിലവിൽ തുടരുന്ന ജീവനക്കാരെ തൊട്ടടുത്തുണ്ടാകുന്ന ഒഴിവുകളിൽ റഗുലറൈസ് ചെയ്യണമെന്ന കർശന നിബന്ധനയ്ക്കു വിധേയമായാണ് ദീർഘിപ്പിച്ചു നൽകുക.
മരുന്ന് വാങ്ങുന്നതിന് അനുമതി
2023-24 വർഷത്തേക്കുള്ള ഇക്വിൻ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ വാങ്ങുന്നതിന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് അനുമതി നൽകി.
ഗവ. പ്ലീഡർ
തിരുവനന്തപുരം ജില്ലാ ഗവ. പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അഡ്വ. ടി. ഗീനാകുമാരിയെ നിയമിക്കും. പാലക്കാട് ജില്ലാ ഗവ. പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ അഡ്വ. പി. അനിലിന് പുനർനിയമനം നൽകി.
സർക്കാർ ഗ്യാരന്റി
ദേശീയ സഫായി കർമ്മചാരി ധനകാര്യ വികസന കോർപ്പറേഷന്റെ പദ്ധതികൾ വിപുലമായി നടപ്പാക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപ്പറേഷന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി അനുവദിച്ചു.