കൊച്ചി: സൗദി സ്വദേശിയായ യുവതി നൽകിയ ലൈംഗിക അതിക്രമ കേസിൽ മല്ലു ട്രാവലർ എന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഷാക്കിർ ചോദ്യം ചെയ്യലിനായി കൊച്ചി സെൻട്രൽ പോലീസിന് മുന്നിൽ ഹാജരായത്. കോഴിക്കോട് സ്വദേശിയായ കൂട്ടുകാരനൊപ്പം കൊച്ചിയിലെത്തിയ സൗദി സ്വദേശിയായ യുവതിയോട് ഹോട്ടലിൽ വെച്ച് ഷാക്കിർ സുബ്ഹാൻ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി.
സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഷാക്കിർ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. വിദേശത്തുള്ള ഷാക്കിറിനായി പോലീസ് ലുക്ക് ഒട്ട് നോട്ടീസ് ഇറക്കി നാട്ടിലെത്തിച്ച് അറസ്റ്റിന് നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ച് ഷാക്കിർ ഇടക്കാല മുൻകൂർ ജാമ്യം നേടിയത്.
അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇന്ന് രാവിലെയാണ് സെൻട്രൽ പോലീസിന് മുന്നിൽ ഹാജരായത്. തുടർന്ന് 5 മണിക്കൂറുകളോളം ചോദ്യം ചെയ്യൽ പൂർത്തിയാക്കി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഷാക്കിർ സുബഹാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സെൻട്രൽ സ്റ്റേഷൻ എസ്.എച്ച് ഒ പോലീസ് വ്യക്തമാക്കി. പരാതി വ്യാജമാമെന്നാണ് ഷാക്കിർ പോലീസിന് നൽകിയ മൊഴിയിലും ആവർത്തിക്കുന്നത്.