ടെൽഅവീവ് : ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് തുടക്കം മാത്രമാണെന്നായിരുന്നു രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധം എപ്പോള്‍ ഏത് രീതിയിലായിരിക്കുമെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തില്‍ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ജസീറ ഗാസ ലേഖകന്‍റെ ഭാര്യയും രണ്ട് മക്കളും വ്യേമാക്രമണത്തില്‍ കൊല്ലപ്പെട്ടു.150 ക്യാംപുകളിലായി ആറ് ലക്ഷം പേരാണ് കഴിയുന്നത്. ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയിലേക്ക് ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ രക്ഷാ സമതിയില്‍ അമേരിക്കയും റഷ്യയും സമവായത്തില്‍ എത്തിയില്ല. യുദ്ധത്തിന് ഇടവേള വേണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോള്‍ എത്രയും പെട്ടന്നുള്ള വെടി നിര്‍ത്തലാണ് ആവശ്യമെന്ന് റഷ്യ വ്യക്തമാക്കി.