ലോക മസ്തിഷ്‌കാഘാത ദിനത്തോടനുബന്ധിച്ച് (ഒക്ടോബര്‍ 29) പ്രത്യേക ടെലി സ്ട്രോക്ക് ആംബുലന്‍സ് നിരത്തുകളിലിറക്കാനൊരുങ്ങി ആസ്റ്റര്‍ മെഡ്‌സിറ്റി. ഈ മാസം 29 മുതല്‍ ഔദ്യോഗികമായി ആംബുലന്‍സ് സേവനമാരംഭിക്കും. ഇന്ത്യയില്‍ ആദ്യമായി നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സില്‍ അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് എന്ന മെഡിക്കല്‍ സ്റ്റാര്‍ട്ട്അപ് സ്ഥാപനത്തിന്‍റെ സഹായത്തോടെയാണ് 5ജി ഉപഗ്രഹസാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ആംബുലന്‍സ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
RRR എന്ന ചുരുക്കപ്പേരില്‍ (Response, Rescue, Resuscitation) അറിയപ്പെടുന്ന ഈ ആംബുലന്‍സ് സംവിധാനത്തില്‍ 5G സാറ്റലൈറ്റ് സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റിയും ഉള്‍പ്പെടെ അടിയന്തിരഘട്ടങ്ങളില്‍ രോഗികള്‍ക്ക് വലിയ സഹായമാകുന്ന നിരവധി സംവിധാനങ്ങളുണ്ട്. അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസിന്റെ അപോക് എന്ന ടെലിമെഡിസിന്‍ സംവിധാനത്തിലുടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
മസ്തിഷ്‌കാഘാതമുണ്ടായ രോഗികള്‍ക്ക് ആശുപത്രിയില്‍ എത്തുന്നത് വരെയുള്ള ന്യൂറോളജി സപ്പോര്‍ട്ട് ആംബുലന്‍സില്‍ തന്നെ നല്‍കാനാകും. ഹൃദയാഘാതം, അമിത രക്തസ്രാവത്തോടെയുള്ള പ്രസവം,ആന്തരിക രക്തസ്രാവം,അടിയന്തര സ്വഭാവമുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്കും ആവശ്യമായ പ്രഥമശുശ്രൂഷാസൗകര്യം RRR ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെ വിദഗ്ധ ഡോക്ടറുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ വെച്ച് തന്നെ വേണ്ട ചികിത്സയും നല്‍കാം.
രോഗിയെ ആംബുലന്‍സില്‍ പ്രവേശിപ്പിക്കുന്നത് മുതല്‍, അടുത്തുള്ള ആശുപത്രിയുടെ പ്രാഥമികസേവനം തേടുന്നതിലും വിദഗ്ധചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആയാസമില്ലാതെ രോഗിക്ക് തുണയാകാന്‍ സാധിക്കും. ആംബുലന്‍സ് രോഗിയുമായി ആശുപത്രിയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ശസ്ത്രക്രിയയോ തീവ്രപരിചരണ വിഭാഗത്തിന്‍റെ സേവനമോ ഉടനടി ലഭ്യമാക്കും. ഓരോ നീക്കത്തിലും ആശുപത്രി അധികൃതരും ആംബുലന്‍സ് ജീവനക്കാരും പരസ്പരം ബന്ധപ്പെട്ട് തയാറെടുപ്പുകള്‍ ഏകീകരിക്കും. സമയത്തിന് ഏറെ വിലയുള്ള സ്ട്രോക്ക് പോലെയുള്ള അടിയന്തിരഘട്ടങ്ങളെ മുന്നില്‍ക്കണ്ടാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ഈ ആംബുലന്‍സ് തയാറാക്കിയിട്ടുള്ളത്.
കൊച്ചിയുടെ അനുബന്ധ പ്രദേശങ്ങളിലുള്ള മറ്റ് ആശുപത്രികളില്‍ ഉടനടി സ്ട്രോക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക നെറ്റ്വര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റി ഒരുക്കിയിട്ടുണ്ട്. ഈ ചികിത്സാകേന്ദ്രങ്ങളില്‍ സ്ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ആസ്റ്റര്‍ മെഡ്‌സിറ്റി നല്‍കും. ഒപ്പം ഈ ആശുപത്രികളിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി പ്രത്യേക ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഈ ശ്യംഖലയുടെ ഭാഗമായ ഏത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആംബുലന്‍സിലെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നിര്‍ണായക നിര്‍ദേശങ്ങള്‍ തത്സമയം കൈമാറാന്‍ കഴിയും. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ രോഗിക്ക് ആവശ്യമായ ചികിത്സകള്‍ തുടങ്ങിക്കഴിയും.പിന്നീട് അവിടെ നിന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് രോഗിയെ മാറ്റുന്നത് പ്രത്യേക മെഡിക്കല്‍ ഡിസ്പാച്ച് സിസ്റ്റത്തിന്‍റെയും ഒരു ജൂനിയര്‍ ഡോക്ടറുടെയും മേല്‍നോട്ടത്തിലായിരിക്കും.
ആംബുലന്‍സിനുള്ളിലെ എല്ലാ ജീവന്‍രക്ഷാ ഉപകരണങ്ങളും വൈഫൈ മുഖേന പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. രോഗിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവ ആശുപത്രിയിലെ കണ്‍ട്രോള്‍ റൂമില്‍ തത്സമയം അറിയിച്ചുകൊണ്ടിരിക്കും. ആശുപത്രിയില്‍ എത്തുന്നത് വരെ വിദഗ്ധ ഡോക്ടര്‍മാര്‍ അത് നിരീക്ഷിക്കുകയും ആംബുലന്‍സിനുള്ളിലെ ഡോക്ടര്‍ക്ക് ആവശ്യമെങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സ്മാര്‍ട്ട് കണ്ണടകള്‍ ഉപയോഗിച്ച് ആംബുലന്‍സ് ജീവനക്കാര്‍ക്ക് ഡോക്ടര്‍മാരുമായി വിഡിയോകോള്‍ മുഖേന ബന്ധപ്പെടാനും കഴിയും.
ആസ്റ്റര്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ഫര്‍ഹാന്‍ യാസിന്‍,ആസ്റ്റര്‍ മെഡ്സിറ്റി ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. മാത്യു എബ്രഹാം, ആസ്റ്റര്‍ മെഡ്സിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്‍റ് – ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി & ന്യൂറോ റേഡിയോളജി, ഡോ. വിജയ് ജയകൃഷ്ണന്‍, ആസ്റ്റര്‍ മെഡ്സിറ്റി കണ്‍സള്‍ട്ടന്‍റ് എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്,അപ്പോത്തിക്കരി പ്രതിനിധി ഹൈദര്‍ ഷെഹന്‍ഷ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.