കോട്ടയം: ബാറുടമകൾക്കുവേണ്ടി നികുതി വകുപ്പ് നിർദേശം അട്ടിമറിക്കാനൊരുങ്ങി സർക്കാർ. ടേൺഓവര്‍ ടാക്സ് കുടിശ്ശിക വരുത്തിയ ബാറുകൾക്ക് മദ്യം വിതരണം ചെയ്യേണ്ടെന്ന നികുതി വകുപ്പ് നിർദേശം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും തന്നെയാണ് ഈ നീക്കത്തിന് പിന്നിൽ. ബാറുടമകൾക്ക് അനുകൂലമായ വിധി കോടതിയിൽനിന്ന് ലഭ്യമാക്കാനുള്ള നീക്കവും പിന്നിലുണ്ട്. നികുതി അടവിൽ വീഴ്ച വരുത്തിയ ബാറുകൾക്ക് മദ്യം വിതരണം ചെയ്യേണ്ടതില്ലെന്നാണ് ജി.എസ്.ടി വകുപ്പ് കൈക്കൊണ്ട നിലപാട്. എന്നാൽ, ഇത് നിയമപരമായി നിലനിൽക്കില്ലെന്നും വൻ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുമെന്നുമാണ് ബിവറേജസ് കോർപറേഷൻ (ബെവ്കോ) വൃത്തങ്ങൾ പറയുന്നത്. നികുതി വകുപ്പ് നിർദേശത്തിനെതിരെ ബാറുടമകൾ ഹൈകോടതിയെ സമീപിച്ചത് നിയമയുദ്ധത്തിനും വഴിവെച്ചിരിക്കുകയാണ്.
മദ്യവിപണനത്തിലെ നികുതി കുടിശ്ശിക ഉൾപ്പെടെ പിരിച്ചെടുക്കുന്നതിൽ വീഴ്ചയുണ്ടെന്ന ആക്ഷേപം നേരത്തേതന്നെ ശക്തമാണ്. ആ സാഹചര്യത്തിലാണ് ടേൺഓവര്‍ ടാക്സിൽ വീഴ്ച വരുത്തിയ ബാറുകൾക്ക് മദ്യം നൽകേണ്ടെന്ന നിലപാട് നികുതി വകുപ്പ് കൈക്കൊണ്ടത്. വീഴ്ച കണ്ടെത്തിയ ബാറുകൾക്ക് മദ്യം നൽകുന്നത് ബെവ്കോ നിർത്തുകയും ചെയ്തു. എന്നാൽ, ഈ തീരുമാനം ദിവസങ്ങൾക്കുള്ളിൽ സര്‍ക്കാര്‍തന്നെ തിരുത്തിയ നിലയിലാണ് കാര്യങ്ങൾ. ഇവിടെയാണ് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. ബാറുകളുടെ ലൈസൻസ് നിലനിൽക്കെ മദ്യം വിതരണം ചെയ്യാതിരിക്കാൻ നിയമപരമായി സാധിക്കില്ലെന്ന നിലപാടിലാണ് ബെവ്കോ. പിരിച്ചെടുക്കാനുള്ള തുകയേക്കാൾ എത്രയോ ഇരട്ടി വരുമാനനഷ്ടം മദ്യം നൽകാത്തത് മൂലമുണ്ടാകുമെന്നും അവർ വിശദീകരിക്കുന്നു.
മദ്യവിതരണം നിര്‍ത്തിയാൽ വൻതോതിൽ നിലവാരം കുറഞ്ഞ മദ്യവും വ്യാജമദ്യവും വിൽക്കാൻ സാധ്യതയുണ്ടെന്ന് ബെവ്കോക്കൊപ്പം എക്സൈസും മുന്നറിയിപ്പും നൽകി. നികുതി കുടിശ്ശിക അടക്കാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കാൻ നിയമമുണ്ടെങ്കിലും അത് പരിഗണിച്ചില്ല. നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാനും തയാറല്ലെന്ന് മാത്രല്ല ബാറുടമകളെ പിണക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ഇതിനുപിന്നിൽ മദ്യലോബിയുടെ സമ്മർദമാണെന്ന ആക്ഷേപവും ശക്തമാണ്. പത്തുവർഷത്തിനുള്ളിലെ കണക്ക് പരിശോധിച്ചാൽ 200 കോടിയിലധികം രൂപ ബാറുകളിൽനിന്ന് കുടിശ്ശിക കിട്ടാനുണ്ടെന്നാണ് വിവരം. കൃത്യമായ ജി.എസ്.ടി റിട്ടേൺസ് സമര്‍പ്പിക്കാത്ത 330ഓളം ബാറുകളുണ്ട്.
അവർക്ക് അനുകൂലമാകുകയാണ് സർക്കാറിന്റെ മലക്കം മറിച്ചിൽ. മദ്യവിതരണം നിര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ബാറുടമകൾ നൽകിയ കേസ് നവംബർ ആദ്യം ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാർതന്നെ ഇപ്പോൾ ബാറുകൾക്ക് അനുകൂലമായി നടപടിയെടുത്തിരിക്കുന്നത്.