സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡിന്റെ കാലഹരണപ്പെട്ട പതിപ്പില്‍ വാട്ട്സാപ്പിന്റെ സപ്പോർട്ട് അവസാനിപ്പിച്ചു. ആൻഡ്രോയിഡ് 4.4 അഥവാ ആൻഡ്രോയിഡ് കിറ്റ്കാറ്റ് എന്നറിയപ്പെടുന്ന വേർഷനിലെ സേവനമാണ് വാട്ട്സാപ്പ് അവസാനിപ്പിച്ചത്. ഈ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിക്കുന്നവര്‍ സേവനങ്ങൾ തുടർന്നും ലഭ്യമാവണമെങ്കില്‍ ഉപയോക്താക്കൾ ഫോണ്‍ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഫോണിലേക്ക് മാറുകയോ ചെയ്യണം.
ആൻഡ്രോയിഡ് 5.0 (ലോലിപോപ്പ്) വേര്‍ഷനില്‍ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ വാട്ട്‌സാപ്പ് ബേസിക്ക് നീഡ്സ് വർധിപ്പിച്ചതായും സൂചനയുണ്ട്. ആൻഡ്രോയിഡ് കിറ്റ്കാറ്റ്, 2013 സെപ്റ്റംബറിലാണ് പുറത്തിറങ്ങിയത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളുള്ള ഉപയോക്താക്കൾക്ക് ഏകദേശം ഒരു പതിറ്റാണ്ടായി വാട്ട്സാപ്പ് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്.
ഗൂഗിൾ പങ്കിട്ട സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആൻഡ്രോയിഡ് 4.4ൽ പ്രവർത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നത് ആകെ ഉപയോക്താക്കളുടെ 0.5 ശതമാനത്തിനും 0.7 ശതമാനത്തിനും ഇടയിലുള്ളവരാണ്. ഇപ്പോൾ ആൻഡ്രോയിഡ് 4.4 ലുള്ള ഉപയോക്താക്കൾ ആൻഡ്രോയിഡ് 5.0-ലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്കുള്ള അപ്‌ഡേറ്റ് ലഭ്യമല്ലെങ്കിൽ, ഉപയോക്താക്കൾക്ക് മറ്റൊരു പുതിയ സ്മാർട്ട്‌ഫോൺ തെരഞ്ഞെടുക്കേണ്ടി വരികയും ചെയ്യും.
അടുത്തിടെ നിരവധി അപ്ഡേറ്റുകളുമായി വാട്ട്സാപ്പ് രംഗത്ത് വന്നിരുന്നു. ഒന്നിലധികം ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചർ ഏതാനും ദിവസം മുമ്പാണ് അവതരിപ്പിച്ചത്. ആപ്പിലൂടെ ഇനി ഒന്നിലധികം അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാനാകും. ടെലഗ്രാമിൽ ഇതിനകം ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നിലവിൽ ഒന്നിലധികം വാട്ട്സാപ്പുള്ളവർ ക്ലോൺ ആപ്പ് എടുക്കുകയോ അല്ലെങ്കില് ബിസിനസ് വാട്ട്സാപ്പിനെ ആശ്രയിക്കുകയോ ആണ് പതിവ്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഒരേ ആപ്പിലൂടെ വ്യത്യസ്ത അക്കൗണ്ടുകൾ ലോഗിന്‍ ചെയ്യാനാകും.