ദില്ലി: സെക്സ് വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി പേരെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്ന റാക്കറ്റിന്‍റെ സൂത്രധാരന്‍ പിടിയില്‍. പൊലീസെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ഇരകളെ വിളിക്കുക. പണം തന്നില്ലെങ്കില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തും. ഹരിയാനയിലെ മേവാത്തിൽ 36 കാരനായ മഹേന്ദ്ര സിംഗ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാളും സംഘവും തട്ടിപ്പ് നടത്തി വരികയായിരുന്നു.
തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന് ദില്ലി സ്വദേശി പരാതി നൽകിയതിനെ തുടർന്നാണ് മഹേന്ദ്ര സിംഗ് പൊലീസ് നിരീക്ഷണത്തിലായത്. മഹേന്ദ്ര സിംഗിന്‍റെ സംഘത്തിലുള്ള സ്ത്രീ പുരുഷന്മാരുമായി പരിചയം സ്ഥാപിക്കും. എന്നിട്ട് വീഡിയോ കോളുകളിലൂടെ അവരുടെ നഗ്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യും. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു പതിവ്.
പൊലീസെന്ന വ്യാജേനയാണ് മഹേന്ദ്ര സിംഗ് വലയിലായ പുരുഷന്മാരായ വിളിക്കുക. എസിപി രാം പാണ്ഡെ എന്ന് പരിചയപ്പെടുത്തിയാണ് മഹേന്ദ്ര സിംഗ് ദില്ലി സ്വദേശിയായ പരാതിക്കാരനെ വിളിച്ചത്. സെക്സ് വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. 9 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ആ പണം നല്‍കി. എന്നാല്‍ കേസ് എടുക്കാതിരിക്കണമെങ്കില്‍ 15 ലക്ഷം രൂപ കൂടി നല്‍കണമെന്ന് പിന്നീട് വിളിച്ച് ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ കുടുംബത്തെ ഉള്‍പ്പെടെ ജയിലില്‍ അടക്കുമെന്നായിരുന്നു ഭീഷണി.
ഭയന്നുപോയ ദില്ലി സ്വദേശി ആരോടും ഇക്കാര്യം പറഞ്ഞില്ല. എന്നാൽ ദിവസങ്ങൾക്ക് ശേഷം അയാൾ തന്റെ സുഹൃത്തിനോട് നടന്നത് തുറന്നു പറഞ്ഞു. പൊലീസിൽ പരാതി നൽകുന്നതാണ് നല്ലതെന്ന് സുഹൃത്ത് പറഞ്ഞു. പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. മേവാത്തില്‍ നിന്നാണ് മഹേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് സ്വൈപ്പ് മെഷീൻ, പെൻഡ്രൈവ്, 16 ജിബി മെമ്മറി കാർഡ്, ഐഫോൺ എന്നിവ പൊലീസ് പിടിച്ചെടുത്തു.
മഹേന്ദ്ര സിംഗ് നിരവധി പേരെ ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എസിപി രാം പാണ്ഡെ എന്നോ യൂട്യൂബര്‍ എന്നോ പരിചയപ്പെടുത്തിയാണ് വിളിക്കുക. പണം തന്നില്ലെങ്കില്‍ സെക്സ് വീഡിയോ പുറത്തുവിടുമെന്നോ കേസെടുക്കുമെന്നോ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ എല്ലാവരില്‍ നിന്നും പണം തട്ടിയത്.