തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. മറ്റന്നാൾ എട്ട് ജില്ലകളിലും തിങ്കളാഴ്ച ഒൻപത് ജില്ലകളിലും മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 51 മില്ലിമീറ്റർ മുതൽ 75 മില്ലിമീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ തമിഴ്നാടിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ രണ്ട് ചക്രവാതച്ചുഴികളുടെയും സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
എന്നാൽ ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം – അങ്കമാലി മാർക്കറ്റ് റോഡ് മുങ്ങി. നാല് കടകളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. വൈകിട്ട് 5 മണിയോടെയാണ് മഴ തുടങ്ങിയത്. ശക്തമായ കാറ്റിൽ ബേക്കറി കടയുടെ മേൽക്കൂര കാറിന് മുകളിലേക്കു വീണു. സിവിആർ ട്രേഡ് സെന്ററിൽ പ്രവർത്തിക്കുന്ന കടയുടെ മേൽകൂരയാണ് തകർന്നത്. സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ തലനാഴിരക്കാണ് രക്ഷപ്പെട്ടത്.