തിരുവനന്തപുരം : ലോകയുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രന്‍ ഉടന്‍ സി പി എം സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും. രാഷ്ട്രീയ ആലോചന ഇല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതില്‍ ഉള്ള എതിര്‍പ്പ് കാനം കോടിയേരിയെ അറിയിക്കും. അടുത്ത മാസം നിയമ സഭ ചേരാനിരിക്കെ തിടുക്കത്തില്‍ ഓര്‍ഡിനേന്‍സ് ഇറക്കിയതിനെ കാനം രണ്ട് തവണ പരസ്യമായി വിമര്‍ശിച്ചിരുന്നു. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനയെ മറികടക്കുമെന്ന എ ജി യുടെ നിയമോപദേശം കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നതെന്നാണ് സി പി എം വിശദീകരണം.അതിനിടെ നിയമത്തില്‍ ഭേദഗതി കൊണ്ട് വരുന്നു എന്നല്ലാതെ എന്താണ് ഭേദഗതി എന്നതിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് പാര്‍ട്ടി മന്ത്രിമാര്‍ സിപിഐ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചത്.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് കാര്യമായ ചര്‍ച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിര്‍ണ്ണായക നിയമഭേദഗതി എല്‍ഡിഎഫിലും ചര്‍ച്ച ചെയ്തില്ല. ഇതാണ് കാനത്തെ ചൊടിപ്പിച്ചത്. ഇതിനിടെ ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണ്ണറെ കണ്ടിരുന്നു. നിയമസഭ പാസ്സാക്കിയ നിയമത്തില്‍ ഭേദഗതിക്ക് കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു.