കരുവാരകുണ്ട്: വനംവകുപ്പ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന തേക്ക് തടികൾ മോഷ്ടിച്ചുകടത്തിയ കേസിൽ അഞ്ചുപേർ പിടിയിൽ. തരിശ് സ്വദേശികളായ കുന്നത്ത് സൽമാൻ (35), ആക്കപ്പറമ്പിൽ ഷാജഹാൻ (33), നാലകത്ത് അസീബ് (34), കുഴിക്കാടൻ മുഹമ്മദ് റിൻഷാദ്(23), പള്ളിശ്ശേരിയിലെ പുലത്ത് സനൂഫ് (36) എന്നിവരെയാണ് കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രിയൻ അറസ്റ്റ് ചെയ്തത്.
കൽക്കുണ്ട് ചേരി എസ്റ്റേറ്റ് ഭാഗത്തെ തോട്ടത്തിൽനിന്ന് അനുമതിയില്ലാതെ മുറിച്ചുകടത്തിയ തേക്കുതടികൾ മാസങ്ങൾക്കുമുമ്പാണ് വനം വകുപ്പ് പിടികൂടിയത്. ഇവ തോട്ടത്തിന് സമീപം തന്നെ തൊണ്ടിയായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇവയാണ് പ്രതികൾ മോഷ്ടിച്ച് കടത്തിയത്. മരത്തടികൾ കാണാനില്ലെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് അമ്പലക്കടവിലെ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്ത് നിന്ന് ഇവ കണ്ടെടുക്കുകയായിരുന്നു. എസ്.ഐ ടി. അരവിന്ദാക്ഷൻ, ഗിരീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.