കണ്ണൂർ: കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റ് സതീശൻ പാച്ചേനിയെ കോൺഗ്രസ് അവഗണിച്ചതായി ഭാര്യയുടെ തുറന്നുപറച്ചിൽ. മരിക്കുംമുമ്പുള്ള ആറുമാസം അവഗണനമൂലം കടുത്ത മാനസികസമ്മർദത്തിലായിരുന്നു സതീശൻ. രാജ്യസഭാംഗത്വം ലഭിക്കുമെന്ന് ഉറച്ചുവിശ്വസിച്ചതും വെറുതെയായി. കെപിസിസി പുനഃസംഘടനയിൽ സ്ഥാനം ലഭിക്കാതെപോയതും അദ്ദേഹത്തിന്റെ വിശ്വാസത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നെന്നും വെള്ളിയാഴ്‌ച മലയാള മനോരമ പത്രത്തിൽ എഴുതിയ അനുസ്‌മരണക്കുറിപ്പിൽ ഭാര്യ കെ വി റീന പറയുന്നു. സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു അനുസ്‌മരണക്കുറിപ്പ്.
അടുത്ത ബന്ധുവിനോട് വിഷമങ്ങൾപറഞ്ഞ് കരഞ്ഞിട്ടുണ്ട് സതീശൻ. കാറിൽ ഭംഗിയുള്ള മൂവർണമാല തൂക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അവസാനകാലത്ത് അതും വേണ്ടെന്നുവച്ചു. രാഷ്‌ട്രീയം പൂർണമായി അവസാനിപ്പിച്ച് എഴുത്തിലേക്കും വായനയിലേക്കും മാറാൻ സതീശൻ ആലോചിച്ചിരുന്നു.ജീവിതച്ചെലവിന് വഴികണ്ടെത്താനാണ് ഇൻഷുറൻസ് കമ്പനിയുടെ ഏജൻസിയെടുത്തത്. ചോരയും നീരും നൽകി രാവുംപകലും പ്രവർത്തിച്ച പാർടിയിൽനിന്ന് ആനുകൂല്യമോ വരുമാനമാർഗമോ ലഭിച്ചിട്ടില്ലെന്നും മക്കളുടെ പഠനത്തിന് വരുമാനം അത്യാവശ്യമാണെന്നും പറഞ്ഞാണ് ഇൻഷുറൻസ് ഏജൻസിയെടുത്തത്. മകൻ ജവഹറാണ് ഇപ്പോൾ ഏജൻസി നടത്തുന്നത്. ജീവിക്കാൻ അതൊരു പിടിവള്ളിയാണ്. വാടക നൽകാൻ പണമില്ലാതെ വിഷമിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റായി ചുമതലയെടുക്കാനുള്ള ചെലവിലേക്ക് 50,000 രൂപ നൽകിയത് താനാണെന്നും റീന പറയുന്നു.
സതീശനെ കോൺഗ്രസ് അവഗണിച്ചെന്ന ഭാര്യയുടെ അഭിപ്രായം ശരിവയ്‌ക്കുന്നതാണ് കണ്ണൂരിൽ വെള്ളിയാഴ്‌ച നടന്ന അനുസ്‌മരണ സമ്മേളനം. സമ്മേളനം ഉദ്ഘാടനംചെയ്‌ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, സതീശൻ പാച്ചേനിയെ പരാമർശിക്കാതെ പ്രസംഗം തുടർന്നപ്പോൾ നേതാക്കളും പ്രവർത്തകരുമാണ് അനുസ്‌മരണം ശ്രദ്ധയിൽപ്പെടുത്തിയത്. കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്‌ഘാടനംചെയ്‌തതിന്റെ പ്രതിഷേധമാണ് സുധാകരൻ പ്രകടിപ്പിച്ചത്. അനുസ്‌മരണത്തിനൊപ്പം പ്രവർത്തക കൺവൻഷൻ നടത്തിയതും പ്രതിഷേധത്തിനിടയാക്കി.