കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബുധനാഴ്ചകളിലെ സർവിസ് വെട്ടിക്കുറച്ചു. നവംബർ മാസത്തിൽ മാത്രമാണ് സർവിസ് നിർത്തിവെച്ചത്. നവംബറിൽ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവർ സമീപത്തെ ദിവസത്തേക്ക് സൗജന്യമായി മാറ്റാവുന്നതാണ്.
ഇതോടെ കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ആഴ്ചയിൽ നാലു ദിവസമായി ചുരുങ്ങും. ചൊവ്വ, ശനി ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമായിരുന്നു ഇതുവരെയുള്ള സർവിസ്. നവംബർ മുതൽ ശനിയാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറും. ഇതിനൊപ്പം ബുധനാഴ്ച കൂടി ചേരുന്നതോടെ ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവിസ് ഉണ്ടാകില്ല. യാത്രക്കാരുടെ കുറവാണ് ബുധനാഴ്ചകളിലെ സർവിസ് വെട്ടിക്കുറക്കാൻ കാരണമെന്നാണ് സൂചന.
ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ എയർഇന്ത്യ എക്സ്പ്രസ് വൻ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 10 കിലോ അധിക ബാഗേജിന് ഒരു ദീനാർ മാത്രമാണ് ഈടാക്കുക.15 കിലോ അധിക ബാഗേജിന് 10 ദീനാർ മാത്രം മതി. ഡിസംബർ 11 വരെ യാത്രചെയ്യുന്നവർക്കും ടിക്കറ്റ് എടുക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. കുവൈത്തിൽനിന്നുള്ള യാത്രക്ക് മാത്രമാണ് ഈ കുറവ്.
അതിനിടെ, വെള്ളിയാഴ്ച കോഴിക്കോടുനിന്നും കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകി. കോഴിക്കോടുനിന്ന് കാലത്ത് 8.45 പുറപ്പെടേണ്ട വിമാനം വൈകിയതാണ് കുവൈത്തിൽനിന്നു തിരിച്ചുള്ള സർവിസിനെയും ബാധിച്ചത്.