ഗ്വാങ്ജു: ജീവനുള്ള നീരാളിയെ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവം കഴിച്ച 82കാരന് ദാരുണാന്ത്യം. നീരാളിയുടെ കൈകള്‍ അന്നനാളത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ശ്വാസം മുട്ടലനുഭവപ്പെട്ടതാണ് മരണകാരണം. ജീവനുള്ള നീരാളിയെ ഉപയോഗിച്ച് നിർമ്മിക്കുന്ന സാന്‍ നാക്ജി എന്ന വിഭവമാണ് ജീവനെടുക്കാൻ കാരണമായത്.ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ഓള്‍ഡ് ബോയിലെ ഒരു രംഗത്തിലൂടെയാണ് സാന്‍ നാക്ജി വൈറലായത്.
ദക്ഷിണ കൊറിയയില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയ പങ്കും വൈറലായ ഈ വിഭവം പരീക്ഷിക്കാറുണ്ടെന്നാണ് ഭക്ഷണ ശാലകളുടെ പ്രതികരണം. ഈ വിഭവം കഴിക്കാന്‍ ശ്രമിച്ച പലരും മരിക്കുകയും ആശുപത്രിയിലായിട്ടും ഭക്ഷണ പ്രേമികള്‍ റിസ്ക് എടുക്കാന്‍ തയ്യാറാണെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
2007ലും 2012ലും മൂന്ന് പേരും, 2013ല്‍ രണ്ട് പേരും 2019ല്‍ ഒരാളും സാന്‍ നാക്ജി കഴിച്ച് മരിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്ന് എന്നാണ് സാന്‍ നാക്ജിയെ വിശേഷിപ്പിക്കുന്നത്.
ജീവനുള്ള നീരാളിയെന്നാണ് സാന്‍ നാക്ജി എന്ന പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ വിളമ്പുന്നതിന് തൊട്ട് മുന്‍പ് കൊന്നശേഷം നീരാളിയുടെ കൈകള്‍ മുറിച്ചാണ് വിഭവം തീന്‍ മേശയിലെത്തുക.