ദില്ലി: അദാനിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ചോദ്യത്തിന് കോഴ വിവാദം അദാനിയുടെ തിരക്കഥയാണെന്നും വിവാദത്തിന് പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്ന് വിളിയെത്തിയെന്നും മഹുവ ആരോപിച്ചു. തെരഞ്ഞെടുപ്പ് വരെ അദാനിക്കെതിരെ സംസാരിക്കരുതെന്നും എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും ഉറപ്പ് നൽകിയെന്നും മഹുവ ആരോപിച്ചു. രണ്ട് ലോക്സഭ എംപിമാരിലൂടെ രണ്ട് വർഷമായി അദാനി തന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും മഹുവ പറഞ്ഞു. അതേസമയം, മഹുവക്കെതികെ പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി നിലപാട് കടുപ്പിച്ചു. രണ്ടിന് തന്നെ മഹുവ ഹാജരാകണമെന്നും തീയതി ഇനി നീട്ടില്ലെന്നും പരാതി വളരെ ഗൗരവമുള്ളതെന്നും സമിതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം മഹുവ മൊയ്ത്ര സമ്മതിച്ചിരുന്നു. പാർലമെൻറ് ഇ മെയിൽ വിവരങ്ങൾ കൈമാറിയെന്നും ലോഗിൻ, പാസ് വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും പണം ലക്ഷ്യമായിരുന്നില്ലെന്നും അവർ പറഞ്ഞു. പാർലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ഇ മെയിൽ കൈകാര്യം ചെയ്യുന്നതിൽ ഒരു നിയമവും നിലവിലില്ല. ഒരു എംപി യും ചോദ്യങ്ങൾ സ്വയം തയ്യാറാക്കുന്നതല്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി. ഹിരാനന്ദാനിയിൽനിന്ന് ഉപഹാരങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും മഹുവ സമ്മതിച്ചു. ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും, സ്കാർഫും ദർശൻ നന്ദാനി സമ്മാനിച്ചിട്ടുണ്ട്. തൻ്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികൾക്ക് ദർശൻ്റെ സഹായം തേടിയിരുന്നുവെന്നും മഹുവ പറഞ്ഞു.