തിരുവനന്തപുരം : കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കേസ് പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നൽകാൻ ശ്രമം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ വർഗീയ വിഷം ചീറ്റിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിന്റെ നിലപാട് വർഗീയതക്കെതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാകും. വിഷയത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്നും നാളെ രാവിലെ പത്തിന് സർവകക്ഷി യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.